ദേശീയ ആരോഗ്യ രംഗത്ത് അഭിമാനമായി കേരളം. രാജ്യത്തെ ആരോഗ്യമേഖലയിലെ സമഗ്രമികവിനുള്ള ഒന്നാം സ്ഥാനം കേരളം സ്വന്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് ആണ് റിപ്പോർട്ട് തയാറാക്കിയത്.
76.55 മുതൽ 80.00 സ്കോർ നേടിയാണ് കേരളം നേട്ടം കൈവരിച്ചതെന്ന് നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു. 62.02-65.21 സ്കോർ നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തും 63.28-63.38 സ്കോർ നേടിയ തമിഴ്നാട് മൂന്നാം സ്ഥാനത്തുമെത്തി. ഉത്തർ പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ സമഗ്ര മികവിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദൻ, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവരാണു റിപ്പോർട്ട് പ്രകാശിപ്പിച്ചത്.

