നാൻജിങ് (ചൈന)∙ ലോക ബാഡ്മിന്റൻ ചാംപ്യന്‍ഷിപ്പിലെ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പു നീളുന്നു. വനിതാ സിംഗിൾസിൽ ഒരിക്കൽക്കൂടി സുവർണ പ്രതീക്ഷ സമ്മാനിച്ച് ഫൈനലിലെത്തിയ പി.വി.സിന്ധു, കലാശപ്പോരിൽ സ്പാനിഷ് താരം കരോലിന മരിനോടു തോറ്റു. നിർണായക സമയത്ത് ഫോമിന്റെ ഔന്നത്യത്തിലേക്ക് ഉയർന്ന മരിൻ, നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ: 21–19, 21–10.
12–ാം തവണ സിന്ധുവുമായി നേർക്കുനേരെത്തിയ മരിന്റെ ഏഴാം വിജയമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണിൽ നടന്ന മലേഷ്യ ഓപ്പണിൽ മരിനെ വീഴ്ത്തിയ സിന്ധുവിന് ഇവിടെ വിജയം ആവർത്തിക്കാനായില്ല. കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റ സിന്ധു തുടർച്ചയായ രണ്ടാം വർഷമാണ് വെള്ളി നേടുന്നത്. ജപ്പാന്റെ നോസോമി ഒക്കുഹാരയോടാണ് അന്ന് തോറ്റത്. ഇതിനു പുറമെ, 2015, 2017 വർഷങ്ങളിൽ വെങ്കലവും നേടിയിട്ടുണ്ട്. ഇക്കുറി മികച്ച ഫോമിലായിരുന്ന ലോക മൂന്നാം റാങ്കുകാരിയായ സിന്ധു വിജയം നേടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഏഴാം സീഡായ മരിൻ നിർണായക സമയത്ത് ഫോമിലേക്ക് ഉയർന്നു.
ആദ്യ ഗെയിമിൽ തുടക്കം മോശമായെങ്കിലും പിന്നീട് പിടിച്ചുകയറിയ സിന്ധു ഒരു ഘട്ടത്തിൽ 15–11ന് ലീഡെടുത്തതാണ്. എന്നാൽ തുടർച്ചയായി പോയിന്റുകൾ വാരിക്കൂട്ടി സിന്ധുവിനെ സമ്മർദ്ദത്തിലാക്കിയ മരിൻ 21–19ന് ഗെയിം സ്വന്തമാക്കി. ഇതോടെ തകർന്നുപോയ സിന്ധു രണ്ടാം ഗെയിമിൽ തീർത്തും നിഷ്പ്രഭയായിപ്പോയി. തുടക്കത്തിൽത്തന്നെ 5–0ന് ലീഡെടുത്ത മരിൻ ഒരിക്കൽപ്പോലും സിന്ധുവിന് തിരിച്ചുവരാൻ അവസരം നൽകിയില്ല. ഒടുവിൽ 21–10ന് അനായാസം ഗെയിം നേടിയ മരിൻ തന്റെ മൂന്നാം ലോക ബാഡ്മിന്റൻ കിരീടത്തിൽ മുത്തമിട്ടു.
നേരത്തെ, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‍വാളിനെ ക്വാർട്ടറിൽ വീഴ്ത്തിയാണ് കരോലിന മരിൻ സെമിയിലെത്തിയത്. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മരിന്റെ മൂന്നാം സ്വർണമാണിത്. റിയോ ഒളിംപിക്സിലും വനിതാ സിംഗിൾസ് ഫൈനലിൽ പി.വി. സിന്ധുവിനെ വീഴ്ത്തിയാണ് മരിൻ സ്വർണം നേടിയത്. ഒളിംപിക് സ്വർണ നഷ്ടത്തിന് ഇവിടെ പകരം വീട്ടാനിറങ്ങിയ സിന്ധുവിനെ തീർത്തും നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് മരിൻ സ്വർണം തൊട്ടത്.

