ന്യൂഡൽഹി∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടെ വോട്ടുബാങ്ക് കൈവിട്ടു പോകാതിരിക്കാൻ ശ്രമം ശക്തമാക്കി ബിജെപി. ദലിത്, മറ്റു പിന്നാക്ക വിഭാഗ(ഒബിസി) വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ബിജെപി ശക്തിപ്പെടുത്തുന്നത്. പിന്നാക്ക വിഭാഗക്കാർക്കു സഹായകരമാകുന്ന ബില്ലുകൾ തുടരെ പാസാക്കിയും രാജ്യത്തേക്ക് അനധികൃതമായെത്തുന്നവർക്കെതിരെ ക്യാംപെയ്ൻ ശക്തമാക്കിയുമാണ് ബിജെപി നീക്കങ്ങൾ. അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ വിവാദം മുഖ്യധാരയിലേക്കു കൊണ്ടുവന്നതിന്റെ ലക്ഷ്യവും ഇതാണെന്നും പാർട്ടി നേതാക്കളെ ഉദ്ധരിച്ചു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ബംഗ്ലദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ പൗരത്വ റജിസ്റ്റർ വിവാദം സഹായിച്ചതായാണ് പാർട്ടി വിലയിരുത്തൽ. ഇതുവഴി കിഴക്കൻ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും വോട്ടുബാങ്ക് ശക്തമാക്കാമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. ദേശീയ സുരക്ഷയ്ക്കു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി നേരത്തേത്തന്നെ പാർട്ടി അധ്യക്ഷൻ അമിത് ഷാ അസം വിഷയം ഉയർത്തിക്കൊണ്ടു വരാൻ തുടർശ്രമങ്ങൾ നടത്തിയിരുന്നു. ദേശീയസുരക്ഷയല്ല, പ്രതിപക്ഷത്തിനു പ്രാധാന്യം അവരുടെ വോട്ടുബാങ്കുകളാണെന്നു വരുത്തിത്തീർക്കാനും പുതിയ വിവാദത്തിലൂടെ ബിജെപിക്കു സാധിക്കും.
2014ലെ പൊതുതിരഞ്ഞെടുപ്പിൽ ദലിത്–പിന്നാക്ക വിഭാഗക്കാരുടെ വോട്ട് പല സംസ്ഥാനങ്ങളിലും ബിജെപിക്കു നിർണായകമായിരുന്നു. എന്നാൽ ഇതു തുടർന്നു കൊണ്ടുപോകാൻ പിന്നീട് സാധിച്ചില്ല. ഉത്തർപ്രദേശ്, രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പുകളിലെ തോൽവികളോടെ ഈ പ്രശ്നം ബിജെപി തിരിച്ചറിഞ്ഞതുമാണ്. ഈ സാഹചര്യത്തിൽ ഇത്തവണ പിന്നാക്ക വിഭാഗക്കാരുടെ വോട്ടുറപ്പിക്കാൻ കഠിനാധ്വാനമാണ് ബിജെപി നടത്തുന്നത്. ദലിത് വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീകോടതി വിധിയിലൂടെ ലഘൂകരിച്ചെന്ന വിവാദം അതിനിടെ കത്തിപ്പടർന്നു. ഏതാനും മാസങ്ങള്‍ക്കു മുൻപ് ഇതിന്റെ പേരിൽ നടത്തിയ ദേശീയ ബന്ദിൽ ഉത്തരേന്ത്യയിൽ പലയിടത്തും വൻ അതിക്രമങ്ങളാണ് അരങ്ങേറിയത്.
വിവാദം കത്തിപ്പടർന്നു നിൽക്കവെയാണ് കഴിഞ്ഞ ദിവസം പട്ടികജാതി, പട്ടികവർഗ നിയമം ശക്തിപ്പെടുത്താനുള്ള ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് ബിൽ കൊണ്ടുവന്നത്. ഓഗസ്റ്റ് 10ന് മൺസൂൺ സമ്മേളനം അവസാനിക്കും മുൻപ് പാർലമെന്റിൽ ബിൽ പാസാക്കാനാകുമെന്നാണു ബിജെപി പ്രതീക്ഷ. ഈ ബില്ലിലാകട്ടെ പാർട്ടി ഏറെ പ്രതീക്ഷയർപ്പിക്കുന്നുമുണ്ട്. സമാജ്‌വാദി പാർട്ടിയും(എസ്പി) ബഹുജൻ സമാജ്‌വാദി പാർട്ടിയും(ബിഎസ്പി) ഐക്യം രൂപീകരിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ വിജയത്തിന് ബിജെപിക്കു ദലിത്–ഒബിസി വോട്ടുകൾ ഉറപ്പാക്കിയേ മതിയാകൂ.
2014ൽ 71 സീറ്റുകളാണ് ഉത്തർപ്രദേശിൽ ബിജെപിക്കു ലഭിച്ചത്. സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ടു സീറ്റുകളും ലഭിച്ചു. എസ്പിക്ക് അഞ്ചും കോൺഗ്രസിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. എന്നാൽ യുപിയിൽ എസ്പി–ബിഎസ്പി–കോൺഗ്രസ് സഖ്യം രൂപപ്പെട്ടാൽ വിജയം ആവർത്തിക്കാൻ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പിന്നാക്ക വിഭാഗക്കാർക്കായുള്ള മറ്റൊരു ബില്ലിലും ബിജെപി വോട്ടുനോട്ടമെറിഞ്ഞിട്ടുണ്ട്. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള 123–ാം ഭരണഘടനാ ഭേദഗതി ബില്ലാണത്.
മുൻപു തള്ളിക്കളഞ്ഞ പ്രതിപക്ഷ ഭേദഗതികൾ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ബിൽ ലോക്സഭ പാസാക്കിയത്. ഭേദഗതിയോടെ രാജ്യസഭ പാസാക്കിയ ബിൽ, ബദൽ ഭേദഗതികളോടെയാണു സഭ രണ്ടാമതു പാസാക്കിയത്. ഇനി ഇതു വീണ്ടും രാജ്യസഭയുടെ പരിഗണനയ്ക്കെത്തും. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്കു ഭരണഘടനാ പദവിയോടെ ദേശീയ കമ്മിഷൻ രൂപീകരിക്കാനാണു നിർദിഷ്ട നിയമം.

