Home Breaking news വണ്ണപ്പുറം കൊലപാതകം,പ്രതി നിരവധി കേസുകളിൽ പ്രതി

വണ്ണപ്പുറം കൊലപാതകം,പ്രതി നിരവധി കേസുകളിൽ പ്രതി

1 second read
0
0

തൊടുപുഴ∙ ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലീസ്. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂവരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പൊലീസിനു വിവരം ലഭിച്ചു. കൊലയ്ക്കു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്നും സൂചനയുണ്ട്. ഇവരെ ഇടുക്കി എആർ ക്യാംപിലെത്തിച്ചു ചോദ്യംചെയ്യാൻ തുടങ്ങി. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇടുക്കി നെടുങ്കണ്ടം സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലുണ്ട്.

കസ്റ്റഡിയിലെടുത്തവർക്കു കൊല്ലപ്പെട്ടയാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നാണു പൊലീസിനു ലഭിച്ച സൂചന. പണമിടപാടു സംബന്ധിച്ച ഫോൺ സംഭാഷണവും പുറത്തായി. രണ്ടു ദിവസത്തേക്ക് 50,000 രൂപ നൽകിയാൽ ഒരുലക്ഷമാക്കി തിരിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്യുന്നതാണു ഫോൺ സംഭാഷണം.

കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിനെതിരെ വിവിധ കേസുകൾ നിലവിലുണ്ട്. സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ളതാണു പലതും. പാങ്ങോട് സ്വദേശിയായ ഒരു മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നൽകി അഞ്ചു ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്ന കേസാണ് അവസാനത്തേത്. കല്ലറ സ്വദേശിയുടെ കാർ എടുത്തു ലോൺ വച്ചു പണം വാങ്ങിയതുൾപ്പടെ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന നിരവധി പരാതികളുമുണ്ട്. കേസുകൾ ഒത്തു തീർക്കാൻ പൊലീസ് ഉന്നതർക്കു നൽകാനെന്നു പറഞ്ഞു പണം വാങ്ങിയ സംഭവത്തിലും പാങ്ങോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്നാട്ടിൽ പൂജ നടത്തിയതിന്റെ പേരിലുള്ള തർക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണൻ തമിഴ്നാട്ടിൽ പോകാറുണ്ടായിരുന്നതായും നിധി കണ്ടെത്താൻ പ്രത്യേക പൂജ നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്ന തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. മന്ത്രവാദത്തിനും പൂജകൾക്കുമായി കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വന്നിരുന്നതായും വിവരം ലഭിച്ചു.

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്റെ ഗൺമാനായിരുന്നു കസ്റ്റഡിയിലുള്ള തിരുവനന്തപുരം പേരൂ‍ർക്കട മണ്ണുംമൂല സ്വദേശിയായ റിട്ട. അസി. കമൻഡാന്റ് രാജശേഖരന്‍. ഇപ്പോൾ സജീവ ബിജെപി പ്രവർത്തകനാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. സർവീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ഡോളർ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നു കുറച്ചുകാലം ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. തൃശൂർ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു റിട്ട. അസി. കമൻഡാന്റിനെ കസ്റ്റഡിയിലെടുത്തത്. തച്ചോണം സ്വദേശി ഇര്‍ഷാദിനു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണു സൂചന.

കൃഷ്ണന്റെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിനെ തുടർന്നാണ് ഇവരിലേക്കു പൊലീസിന്റെ സംശയം നീണ്ടത്. കൃഷ്ണന്റെ സഹോദരങ്ങളിലൊരാളുടെ മൊഴിയും സഹായകമായി. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ ബുധനാഴ്ച രാവിലെയാണു കൊല്ലപ്പെട്ട നിലയിൽ വീടിനു പിന്നിലെ ചാണകക്കുഴിയിൽ കണ്ടെത്തിയത്.

 

 

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീസു​ക​ൾ ഞാ​യ​റാ​ഴ്ച​ പ്ര​വ​ർ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​…