Home Travel ഹിമാചലിലെ ഏറ്റവും പൗരാണിക കമ്രു ഗ്രാമത്തിലെ മുപ്പത്താറു കോടി ദേവഗണങ്ങൾ അധിവസിക്കുന്ന ഭൂതത്താൻ കോട്ടയിലേക്ക്………….

ഹിമാചലിലെ ഏറ്റവും പൗരാണിക കമ്രു ഗ്രാമത്തിലെ മുപ്പത്താറു കോടി ദേവഗണങ്ങൾ അധിവസിക്കുന്ന ഭൂതത്താൻ കോട്ടയിലേക്ക്………….

0 second read
0
0

ഹിമാചലിന്റെ ഓരോ ഗ്രാമങ്ങൾക്കും വാക്കുകൾക്കതീതമായ ഒരു ദൃശ്യഭംഗിയുടെ ചാരുതയും പൗരാണികമായ പാരമ്പര്യത്തിന്റെ അവശേഷിപ്പുകളും ഉണ്ട്. ഹിമാചലിന്റെ ഏറ്റവും വിദൂരതയിലേക്ക് പോകുന്തോറും ഈ പുരാതന ഗ്രാമങ്ങൾക്കൊക്കെയും നിഗൂഡതയും ഏറും. നൂറ്റാണ്ടുകളായി അങ്ങ് ദൂരെയുള്ള പർവതങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങൾ. വർഷത്തിന്റെ ഏറിയ പങ്കും മഞ്ഞ് മൂടി കിടക്കുന്നതു കൊണ്ട് പുറം ലോകവുമായി വളരെക്കുറച്ചു മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന പ്രദേശങ്ങളാണിവ. കഴിഞ്ഞ കുറച്ചു കാലങ്ങളായി പാതകൾ മെച്ചപ്പെടുത്തുകയും വിനിമയോപാധികൾ എറെ വളരുകയും ചെയ്തപ്പോഴാണ് ഇവയൊക്കെ പുറത്തുള്ള ലോകത്തിന്റെ ശ്രദ്ധയിൽ പെടുന്നതു തന്നെ.

സംഗ്ലയിൽ വന്നു ബസിറങ്ങി സംഗ്ലാ താഴ്വരയുടെ മനോഹാരിതയിലും ബാപ്സാ നദിയുടെ ലാവണ്യത്തിലും മനം കുതിർന്നു നിൽക്കുകയായിരുന്ന ഗുരുദേവും ഞാനും ചരിത്രമുറങ്ങുന്ന പൗരാണിക കമ്രു ഗ്രാമത്തിലേക്ക് നടന്നു പോകാൻ തീരുമാനിച്ചു. സംഗ്ലയിൽ നിന്നും ചുരുങ്ങിയ കിലോമീറ്ററുകളേ ഉള്ളു ഒരു കുന്നിന്റെ മുകളിലായി കൂടിപ്പിണഞ്ഞു കിടക്കുന്ന കമ്രു ഗ്രാമം. സംഗ്ലാ ടൗൺ എത്തുന്നതിനു മുമ്പായി മുകളിലേക്ക് ഒരു പാത പോകുന്നുണ്ട്. ആ കയറ്റം കേറിച്ചെല്ലുമ്പോൾ തകരപ്പാളി കൊണ്ട് മേൽക്കൂരയുള്ള സംഗ്ലയിലെ കൊച്ചു പോലീസ് സ്റ്റേഷനും കടന്ന് മനോഹരമായ ഒരു ചെറിയ ബുദ്ധ ക്ഷേത്രവും കടന്നു നിറഞ്ഞു കായ്ച്ചു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളുടെ നടുവിലെത്തും.

നമ്മുടെ നാട്ടിൻ പുറങ്ങളിലെ നിറയെ കായ്ച്ചു കിടക്കുന്ന മാന്തോട്ടങ്ങളുടെ ഓർമ്മയെ അത് തട്ടിയുണർത്തി. പ്രശസ്തമായ കിന്നോർ ആപ്പിളുകൾ. പലതരത്തിലുള്ള ആപ്പിളുകൾ. നല്ല ചുവന്നു തുടുത്തത്, ഇളംപച്ച, ഇളംചുവപ്പ്. കുറുതായ മരങ്ങളിൽ കൈയ്യെത്തും ദൂരത്ത് നിറഞ്ഞു നിൽക്കുന്ന ആപ്പിളുകൾ ഒരു മനോഹര കാഴ്ചയാണ്. മരത്തിൽ നിന്നു പൊട്ടിച്ചു തിന്നപ്പോൾ മധുരം കിനിത്തൊഴുകുന്നു. ഹിമാലയത്തിന്റെ ഇങ്ങേ അറ്റത്തു വന്ന് ആപ്പിൾ മരത്തിൽ നിന്നും ആപ്പിൾ പറിച്ചു കഴിച്ചപ്പോൾ വയറിനൊപ്പം മനസും നിറഞ്ഞു.

കങ്കാരുവിന്റെ വയറിനകത്തെന്ന പോലെ നടന്നു വരുന്ന പല മുത്തച്ഛൻമാരുടേയും തോളിനു പുറകിലുള്ള സഞ്ചിയിൽ നിന്നും കുരുന്നുകൾ തല പുറത്തേക്കിട്ടു നോക്കുന്നുണ്ട്. നേപ്പാളടക്കമുള്ള ഹിമാലയ ഭാഗങ്ങൾ സഞ്ചരിച്ചപ്പോഴൊക്കെ ഇവിടെല്ലാംപൊതുവായി കണ്ട കൗതുകമുണർത്തുന്ന കാഴ്ചകളിലൊന്ന് ഇതാണ്. എന്തു ഭാരവുമായിക്കോട്ടെ അതു തോളത്ത് തൂക്കിയിട്ടിട്ടുള്ള സഞ്ചിയിലോ കുട്ടയിലോ മാത്രമേ ചുമക്കുകയുള്ളു.

ഹിമാലയ ശൃംഗങ്ങൾ ചുറ്റും മതിലു തീർത്തിരിക്കുന്ന വർണാഭമായ സംഗ്ലാ താഴ്വരയുടെ മനോഹാരിതയിൽ മുങ്ങി നീങ്ങുമ്പോൾ ദൂരവും കയറ്റവും ക്ഷീണവുമൊക്കെ ആരറിയാൻ. പകരം നിറഞ്ഞു നിൽക്കുന്ന പൂക്കളേയും നിറഭേദങ്ങൾ തീർത്ത വയലുകളേയും തുളുമ്പി നിൽക്കുന്ന ആപ്പിൾ മരങ്ങളേയും മഞ്ഞിന്റെ വെള്ളിപ്പട്ടണിഞ്ഞ പർവ്വതശിഖരങ്ങളേയും ഹൃദയത്തിലേക്ക് സ്വാംശീകരിച്ച് തെളിച്ചം നിറച്ചു. ക്യാമറകൾ കൊണ്ട് ആ ഭംഗിയെ ആവാഹിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു അതൊരു പരാജയമാകുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ. പൂക്കൾ നിറഞ്ഞ വേലിപ്പടർപ്പുകൾ ആ മൺപാതക്ക് ഭംഗിയുടെ ഒരു വല്ലാത്ത പരിവേഷം കൊടുക്കുന്നുണ്ട്.

 

മാന്ത്രിക ഗ്രാമത്തിലെ മന്ത്രവാദിനികളെ പോലെ മുഖം നിറയെ ചുളിവുകളും ഇരുണ്ട നീളൻ കുപ്പായവും തലയിൽ തൊപ്പിയുമണിഞ്ഞ് സൂക്ഷമമായി പിന്നിയ മുടിയുമായി എതാനും മുത്തശിമാരെ അവിടെ കണ്ടു. അരയിൽ കടുത്ത നിറത്തിലുള്ള അരപ്പട്ട കെട്ടിയിരിക്കുന്നു. കഴുത്തിൽ പല നിറങ്ങളിലുള്ള ജപമാലയും. വർണ ഉടുപ്പണിഞ്ഞ ഭംഗിയുള്ള ഒരു കുട്ടി ലജ്ജാലുവായി ഒരു മുത്തശിയുടെ കൈപിടിച്ചു നിൽപ്പുണ്ട്. ഞാൻ ഗുരുവിനെ നോക്കി. ഗുരുവിന് കാര്യം മനസിലായി. ഈ മനോഹര ചിത്രം ക്യാമറയിൽ പകർത്തിയേ പറ്റു. മണ്ഡപത്തോട് ചേർന്നു നിന്ന് അവരുടെ ശ്രദ്ധയിൽ പെടാതെ ഗുരു ചിത്രം പകർത്താൻ ശ്രമിച്ചു. പെട്ടെന്ന് സംഭാഷണം നിർത്തി മുത്തശിമാർ തിരിഞ്ഞു നടന്നു. നേരെ ഗുരുവിന്റെ മുമ്പിൽ . ഗുരുവിന്റെ മുഖം വിളറി വെളുക്കുന്നത് ഞാൻ കണ്ടു. നെടുനീളൻ കുപ്പായത്തിനുള്ളിൽ നിന്നും മന്ത്രവടിയെടുത്ത് ഗുരുവിനെ ആ മണ്ഡപത്തിലെ മറ്റൊരു ശിലാരൂപമാക്കുമോ.

ഗുരുവിന്റെ വിളറിയ മുഖത്തേക്ക് നോക്കി അവരെല്ലാവരും മനോഹരമായി പുഞ്ചിരിച്ചു. ഭാഗ്യം നൻമയുടെ മന്ത്രവാദിനികളാണിവർ. ഗുരുവിന്റെ ക്യാമറക്ക് മുമ്പിൽ നിറഞ്ഞ ചിരിയുമായി അവർ ഏറെ നേരം നിന്നുകൊടുത്തു. ഈ പർവ്വത ഗ്രാമത്തിലെ സന്തോഷം വിതക്കുന്ന ജാലവിദ്യയുമായി നടക്കുന്ന മുത്തശിമാർ. അവിടെ നിന്നും ഹൃദയത്തിൽ പകർന്നു കിട്ടിയ ആനന്ദവുമായി മര വീടുകളുടെ ഇടയിലൂടെ വീണ്ടും മുന്നോട്ടു നടന്നു. വഴി ഒന്നുകൂടി കുറുതായിരിക്കുന്നു. ഭംഗിയും ഒപ്പം നിഗൂഡതയും ഈ ഗ്രാമത്തിന് ഏറി വരുന്നതായി തോന്നുന്നത് ഒരു മിഥ്യയാണോ.

Load More Related Articles
Load More By Vyga krishna
Load More In Travel

Leave a Reply

Your email address will not be published. Required fields are marked *

Check Also

വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും.

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ പ്ല…