സുഖമായ ഉറക്കത്തിലായിരുന്നു ഞാൻ. മുഖത്ത് തണുത്ത വെള്ളത്തുള്ളി വീണപ്പോഴാ ഉണർന്നത്. പതിയെ കണ്ണു തുറന്നപ്പോ ദേവദാരു വൃക്ഷങ്ങൾ തണൽ വിരിച്ച സുന്ദരമായൊരു ദൃശ്യം കണ്മുന്നിൽ. വലത്തോട്ടു തല ചെരിച്ചപ്പോൾ മരങ്ങൾക്കപ്പുറം മഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകൾ കാണുന്നു..
ഹേ, കേരളത്തിൽ മഞ്ഞുമലകൾ ഇല്ലല്ലോ ? പിന്നെ ഞാനെവിടെയാണ് ??? സ്വപ്നമാണോ,
അല്ല.. സത്യമാണ്..
ചെറിയ തോതിൽ മഞ്ഞു പെയ്യുന്നത് ഞാനറിയുന്നു. അതെ, ജീവിതത്തിൽ ആദ്യമായി മഞ്ഞുമല നേരിൽ കാണുന്ന നിമിഷമാണിത്. ഇത്ര മനോഹരമായ സ്ഥലത്തായിരുന്നോ ഞാനുറങ്ങിയത്..??
ഹിമാലയ യാത്രയിൽ ആരും കൊതിക്കുന്നൊരു തുടക്കം. ഒരു പ്രതീക്ഷയുമില്ലാതെ, പരിസരമറിയാതെ, കൂരിരുട്ടിൽ കിടന്നുറങ്ങിയ എനിക്ക് കിട്ടിയ സമ്മാനം, പുലരിയിലെ തണുപ്പും, മുഖത്തു തലോടുന്ന നൂൽ മഴയും, കണ്ണിനെ കുളിരണിയിക്കുന്ന ഈ കാഴ്ചയും..
മഞ്ഞു പെയ്യുന്ന പ്രഭാതത്തിന്റെ കുളിർ കാറ്റും കൊണ്ട്, വെള്ള തലപ്പാവണിഞ്ഞ മാമലകൾ കാണാൻ എന്താ രസം. ഖൽബിൽ കാത്തു വച്ചൊരു മോഹം, അതു പൂവണിഞ്ഞ നിമിഷത്തിൽ എല്ലാം മറന്നു ഞാനിങ്ങനെ കിടക്കുകയാ..
എന്റെ സ്വപ്നങ്ങളുടെ അർത്ഥം തേടി അലയുന്ന യാത്രയിൽ ഞാനിപ്പോ ഒരുപാട് സന്തോഷിക്കുന്നു. ഈ ജീവിതം ഒരു ഭാഗ്യമായി തോന്നുന്നു. ഇശ്ഖിന്റെ ഈരടികൾ ഖൽബിലൊരു മഴയായി പെയ്തിറങ്ങുന്നത് ഞാനറിയുന്നു.
ഈ യാത്രയ്ക്കൊരു മുഹബത്തിന്റെ മണമുണ്ട്. അതേ, ഹിമാലയത്തിലെ സുന്ദരഭൂമിയായ സ്പിറ്റി വാലിയുടെ നെറുകയിലുള്ള, ഹിക്കിം ഗ്രാമത്തിലെ കിസ്മത്ത് തേടിയാണെന്റെ യാത്ര. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് അവിടെയാണ്..
എങ്ങനെയെങ്കിലും അവിടെയെത്തണം, എന്റെ ഫാത്തിമയ്ക്കൊരു കത്തെഴുത്തണം. നിക്കാഹുറപ്പിച്ച, പുതുമണവാട്ടി ചമയുവാൻ കാത്തിരിക്കുന്ന അവളുടെ കയ്യിലേക്കാ കത്തു ചെല്ലണം..
യാത്രയ്ക്കിടയിൽ കിനാവുകൾ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കാണണം. ഉള്ളിന്റെയുള്ളിൽ കിടക്കുന്ന മോഹങ്ങളെ വലിച്ചു പുറത്തേക്കിടണം. അവയെ താലോലിച്ചു കിടക്കണം..
മഞ്ഞു പെയ്യുന്ന ഈ പ്രഭാതത്തിൽ, സ്വപ്ന സമാനമായ അന്തരീക്ഷത്തിൽ ഞാനിങ്ങനെ കിടക്കുകയാണ്. എന്റേതു മാത്രമായ സ്വപ്നങ്ങൾ കണ്ടു കൊണ്ട്..
“കിനാവിൽ അവളും വന്നിരിക്കുന്നു. ഈ കാണുന്ന മാമലയുടെ മുകളിലെ മഞ്ഞു പാളികളിൽ ഞങ്ങൾ ചേർന്നിരിക്കുകയാണ്. അതിനുമപ്പുറം ഉദിച്ചുയരുന്ന സൂര്യ രശ്മികൾ, അവളുടെ നെറ്റിയിൽ ചെഞ്ചായം പുരട്ടിയിരിക്കുന്നു. ഭൂമിയിലെ അത്ഭുതങ്ങൾ കാണുമ്പോ, ആ മുഖത്തു മിന്നി മായുന്ന ഭാവങ്ങൾ ഞാൻ ആസ്വദിക്കുകയാണ്…”
“അങ്ങനെ, തോളോട് തോൾ ചേർന്നിരുന്ന് കഥകൾ പറഞ്ഞും, കാറ്റു കൊണ്ടും, മലമുകളിലെ സൂര്യോദയം ആവോളം ആസ്വദിച്ചും, കൊതി തീരുമ്പോ.. സൂഫീ കഥകളിലെ പറക്കും പരവതാനിയിൽ ഞങ്ങൾ അടുത്ത സ്ഥലത്തേക്കു യാത്ര തിരിക്കും…”
പ്രണയാർദ്രമായ സ്വപ്നങ്ങളിലൂടെ ഇങ്ങനെ പറക്കുവാൻ എന്താ രസം. ചിന്തകളിൽ നിന്നു തിരിച്ചു വരാൻ മടിക്കുന്നു. എങ്കിലും തിരിച്ചു വന്നല്ലേ പറ്റൂ. കൂടുവിട്ടു പറന്ന മനസ്സിന്റെ വിചാരങ്ങളെ വളരെ കഷ്ടപ്പെട്ടാണ് ഈ കിടപ്പിലേക്ക് തിരികെ കൊണ്ടു വന്നത്..
ഈ കാഴ്ചകളൊക്കെ, ഒരു കാലത്ത് എനിക്കു വെറും പാഴ്കിനാവുകളായിരുന്നു. എല്ലാവരും ഹിമാലയം പോകുമ്പോ പരമാവധി അഭിനന്ദിക്കുമെങ്കിലും മനസ്സിലൊരു നീറ്റലുണ്ടായിരുന്നു. എന്നാ പടച്ചോനെ എനിക്ക് പോകാൻ പറ്റുക. കിട്ടുന്ന ശമ്പളം പകുത്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുന്ന എനിക്ക്, അന്നൊക്കെ സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അതെല്ലാം…
ഇന്നിപ്പോ, സ്ലീപ്പിങ് ബാഗിനുള്ളിൽ കിടന്ന് ഈ നിമിഷം ഞാൻ ഉൾകൊള്ളുകയാണ്. അതേ, എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല..
എന്റെ സ്വപ്നങ്ങൾ..
എന്റെ ആഗ്രഹങ്ങൾ..
അവയിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു..
വിളിപ്പാടകലെ നിന്നു മാടി വിളിക്കുന്ന എന്തോ ഒന്ന് ഈ പ്രഭാതത്തെ വല്ലാത്ത രസമാക്കിയിരിക്കുന്നു. പുലരിയിലെ തണുപ്പിൽ സ്ലീപ്പിങ് ബാഗിനുള്ളിൽ ഒന്നൂടെ ചുരുണ്ടു കൂടാൻ ശ്രമിച്ചപ്പോഴാണ് ചില സംസാരങ്ങൾ കേൾക്കുന്നത്. തല തിരിച്ചു നോക്കിയപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്.
ഞാൻ കിടക്കുന്നതിന്റെ അടുത്തായി, പുലർ തണുപ്പിൽ സുഖമായുറങ്ങുന്ന HRTC ബസ്സുകൾ. തണുപ്പകറ്റാൻ കമ്പിളിപ്പുതപ്പുകൾ ചുറ്റി, വായിലൂടെ പുകയൂതി, മങ്കി ക്യാപ്പും ധരിച്ചു വണ്ടി കാത്തു നിൽക്കുന്ന ആളുകൾ, പതിഞ്ഞ കണ്ണുള്ള കുട്ടികൾ, അങ്ങനെ ആരൊക്കെയോ..
അതേ, റെക്കോങ് പിയോ ബസ്റ്റാന്റിന്റെ ഒത്ത നടുക്കായി, രാത്രിമഞ്ഞിന്റെ നനവുള്ളൊരു തറയിലാണ് ഞാൻ കിടക്കുന്നത്. നോക്കിയപ്പോൾ സമയം ആറു കഴിഞ്ഞിരിക്കുന്നു. വെറും നാലു മണിക്കൂർ ഉറക്കത്തിനു വേണ്ടി, ഒരു റൂമെടുക്കേണ്ടല്ലോ എന്നു കരുതി തറയിൽ കിടന്നതാണ്.
https://sancharangal.blogspot.in/2017/10/blog-post.html

