പോസ്റ്റുമോർട്ടത്തിന് ശേഷം ശ്രീജിത്തിന്റെ മൃതദേഹം വരാപ്പുഴയിലെ വീട്ടിലെത്തിച്ചു ,സ്ഥലം സംഘർഷഭരിതം,ജനം പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭയന്ന് സ്റ്റേഷന് പ്രത്യേക സുരക്ഷ
വരാപ്പുഴയിലെ യുവാവിന്റെ കസ്റ്റഡി മരണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി. മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത മൂന്നു പോലീസുകാരെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ശ്രീജിത്ത് തന്റെ അച്ഛനെ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകൻ വിനീഷ് മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരായ നടപടി.
വീടാക്രമണത്തെത്തുടർന്നു വാസുദേവൻ എന്നയാൾ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീജിത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
