വാഷിംഗ്ടൺ: അജയ്യമായ പുതിയ അണ്വായുധങ്ങൾ വികസിപ്പിച്ചെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഭീഷണി നേരിടാനും രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനും യുഎസ് സൈന്യം സുസജ്ജമെന്നു പെന്റഗൺ വ്യക്തമാക്കി.
റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് നാറ്റോയുടെയും യുഎസിന്റെയും പ്രതിരോധത്തെ മറികടന്ന് ലോകത്ത് എവിടെയും ചെന്നെത്താൻ ശേഷിയുള്ള പുതിയ ആണവ ക്രൂസ് മിസൈലും മുങ്ങിക്കപ്പലിൽനിന്നു അയയ്ക്കാവുന്ന ഡ്രോണുകളും വികസിപ്പിച്ചെന്ന് അവകാശപ്പെട്ടത്. അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചതിനാലാണു റഷ്യ അത്യാധുനിക ആയുധങ്ങൾ വികസിപ്പിച്ചതെന്നു പുടിൻ വ്യക്തമാക്കി. പുതിയ ആയുധങ്ങളുടെ വീഡിയോ ക്ലിപ്പും അദ്ദേഹം പ്രദർശിപ്പിച്ചു. വീഡിയോയിൽ കാണിച്ച ആക്രമണം യുഎസിലെ ഫ്ളോറിഡ മേഖലയെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
