കേപ്ടൗണ്‍: ഇന്ത്യയൊരുക്കിയ സ്പിൻ കെണിയിൽ ദക്ഷിണാഫ്രിക്ക വീണ്ടും കടപുഴകി. യുസ്വേന്ദ്ര ചാഹലിന്റെയും കുൽദീപ് യാദവിന്റെയും കൈക്കുഴ സ്പിന്നിനു മുന്നിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത് 124 റണ്‍സിന്. ഇന്ത്യ ഉയർത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 179 റണ്‍സിന് എല്ലാവരും പുറത്തായി. കുൽദീപ് യാദവ് 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടിയപ്പോൾ 46 റണ്‍സ് വഴങ്ങിയായിരുന്നു ചാഹലിന്റെ നാലു വിക്കറ്റ് നേട്ടം. ശേഷിച്ച രണ്ടു വിക്കറ്റ് ജസ്പ്രീത് ബുംറ നേടി.
ജയത്തോടെ ഇന്ത്യ പരന്പരയിൽ 3-0 എന്ന ലീഡ് നേടി. ദക്ഷിണാഫ്രിക്കയിൽ ആദ്യമായാണ് ഇന്ത്യൻ ടീം തുടർച്ചയായ മൂന്ന് ഏകദിനങ്ങൾ വിജയിക്കുന്നത്. ആറു മത്സര പരന്പരയിൽ ഇന്ത്യയ്ക്ക് ഇനി പരാജയഭീതിയില്ലാതെ കളിക്കാം. 51 റണ്‍സ് നേടിയ ജെ.പി.ഡുമിനിയാണ് ദക്ഷിണാഫ്രിക്കൻ ടോപ് സ്കോറർ. നായകൻ എയ്ഡൻ മാർക്രം 32 റണ്‍സും ഡേവിഡ് മില്ലർ 25 റണ്‍സും നേടി. മറ്റാർക്കും ഇന്ത്യൻ ബൗളിംഗിനെതിരേ പൊരുതാൻ പോലും കഴിഞ്ഞില്ല.
നേരത്തെ, നായകൻ വിരാട് കോഹ്ലിയുടെ ബാറ്റ് വീണ്ടും തീ തുപ്പിയപ്പോൾ ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 303 റണ്‍സ് നേടി. 160 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 119 പന്തിൽനിന്നു സെഞ്ചുറി തികച്ച കോഹ്ലി 159 പന്തിൽനിന്ന് 12 ബൗണ്ടറികളും രണ്ടു സിക്സറുകളുമടക്കം 160 റണ്‍സുമായി പുറത്താകാതെനിന്നു.
കോഹ്ലിക്കു പുറമേ ഓപ്പണർ ശിഖർ ധവാനും ദക്ഷിണാഫ്രിക്കൻ ബൗളിംഗിനെ പ്രതിരോധിക്കാനായി. ധവാൻ 63 പന്തിൽ 76 റണ്‍സ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ധവാൻ അർധസെഞ്ചുറി നേടുന്നത്. ധവാൻ- കോഹ്ലി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 140 റണ്‍സ് അടിച്ചുകൂട്ടി. ദക്ഷിണാഫ്രിക്കയ്ക്കായി പാര്‍ട്ടൈം സ്പിന്നർ ജെ.പി.ഡുമിനി രണ്ടു വിക്കറ്റ് നേടി.
രോഹിത് ശർമ(0), രഹാനെ(11), ഹാർദിക്(14), ധോണി(10), കേദാർ യാദവ്(1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന. പിരിയാത്ത ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറി(16) നൊപ്പം കോഹ്ലി 67 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ 300 കടത്തി.
കരിയറിലെ 34-ാം ഏകദിന സെഞ്ചുറിയാണ് കോഹ്ലി കേപ്ടൗണിൽ കുറിച്ചത്. 49 സെഞ്ചുറികൾ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡ് കോഹ്ലിക്കു മുന്നിൽ ശേഷിക്കുന്നു. പരന്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച കോഹ്ലി, രണ്ടാം മത്സരത്തിൽ പുറത്താകാതെനിന്നിരുന്നു.
