ലിമ: മാർപാപ്പയായ ശേഷം ഇതുവരെ സ്വദേശമായ അർജന്റീനയിൽ പോയില്ലെങ്കിലും ഇത്തവണത്തെ പെറു സന്ദർശനത്തിൽ അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരീസിന്റെ അതേ പേരിൽ പെറുവിലുള്ള പട്ടണത്തിൽ ഫ്രാൻസിസ് മാർപാപ്പ പര്യടനം നടത്തി. മാർപാപ്പയെ ആഹ്ളാദാരവത്തോടെയാണു പെറുവിലെ ചേരികളിൽ ബുവേനോസ് ആരിസുകാർ വരവേറ്റത്. ചിലർ അർജന്റീനയുടെ പതാകകൾ വീശി.
ശനിയാഴ്ച ട്രുജിലോ നഗരപ്രാന്തത്തിൽ പസഫിക് തീരത്തുള്ള ടൗണിൽ ദിവ്യബലി അർപ്പിച്ചശേഷം പോപ്പ് മൊബീലിൽ പാപ്പാ പെറുവിലെ ബുവേനോസ് ആരിസിലേക്കു പോയി. കഴിഞ്ഞ വർഷത്തെ കൊടുങ്കാറ്റിലും പ്രളയത്തിലും കനത്ത നാശം സംഭവിച്ച ഈ തീരദേശ പട്ടണത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല.ഒറ്റനില വീടുകളാണ് ഇവിടെ അധികവും.
നേരത്തെ ട്രൂജിലോ നഗരത്തിൽ മരിയൻ പ്രാർഥനാ ചടങ്ങിൽ സംസാരിച്ച മാർപാപ്പ ലാറ്റിൻ അമേരിക്കയിൽ വനിതകൾക്കു നേരേ നടക്കുന്ന അക്രമങ്ങളെ അപലപിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനിർമാണത്തിനു ജനപ്രതിനിധികൾ തയാറാവണമെന്നു മാർപാപ്പ നിർദേശിച്ചു. തലസ്ഥാനമായ ലിമായിലെ ലാസ് പാമാസ് എയർബേസിൽ അർപ്പിച്ച ദിവ്യബലിയോടെ മാർപാപ്പയുട പെറു സന്ദർശനം സമാപിച്ചു.
