വണ്ണപ്പുറം: കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ കസ്റ്റഡിയിലായ ഷിബുവിന്റെ ശബ്ദരേഖ പുറത്ത്. കോടികള്‍ ഉടന്‍ കയ്യില്‍വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്നതാണ് ശബ്ദരേഖ. ഇതിനായി ക്രിട്ടിക്കൽ പണിയെടുക്കണം. ബിസിനസിനായി 50000 പണം തരണം. ബിസിനസ് ചീഫിന് നല്‍കാനാണിത്. ചീഫ് തിരുവനന്തപുരത്തുണ്ട്. പണം നല്‍കിയാല്‍ പ്രശസ്തനാകാമെന്നും സുഹൃത്തിനോട് ഷിബു പറയുന്നു. വണ്ണപ്പുറം കമ്പകക്കാനം കാനാട്ടു വീട്ടിൽ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഇതുവരെ 5 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്‍. പിടിയിലായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍ണായകമായെന്ന് പൊലീസ്.
പൈനാവ് പൊലീസ് ക്യാമ്പിലും രഹസ്യകേന്ദ്രങ്ങളിലുമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൊലയാളി സംഘം സഞ്ചരിച്ചെന്നു കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. സംഘത്തിൽപ്പെട്ട ചിലർ തമിഴ്നാട്ടിലേക്കു കടന്നതായും സൂചനയുണ്ടെങ്കിലും. തല്‍ക്കാലം തമിഴ്നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
കൃത്യം നടത്തിയത് സ്ഥിരം കുറ്റവാളികളാണെന്നും സൂചന. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബു,തച്ചോണം സ്വദേശി ഇര്‍ഷാദ്, പേരൂര്‍ക്കട എസ്.എ.പി പൊലീസ് ക്യാമ്പില്‍ നിന്ന് വിരമിച്ച രാജശേഖരന്‍, നെടുങ്കണ്ടം സ്വദേശിയായ കൃഷ്ണന്റെ സഹായി ഉള്‍പ്പെടെ 5 പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശിയാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച 6 വിരലടയാളങ്ങളും, ഫോണ്‍ കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലുള്ള 5 പേരിലേയ്ക്ക് പൊലീസിനെ എത്തിച്ചത്.
