തലശേരി: മകള്‍ ഐശ്വര്യ മരിച്ചത് സൗമ്യയോ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മൂന്നു ദിവസം കഴിഞ്ഞു പത്രത്തിലൂടെയാണു താന്‍ വിവരം അറിഞ്ഞതെന്നും പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിയായ സൗമ്യയുടെ ഭര്‍ത്താവ് കിഷോറിന്റെ മൊഴി. മകള്‍ കീര്‍ത്തന മരിച്ചത് രോഗത്തെത്തുടര്‍ന്നാണ്. ആറു മാസം പ്രായമുള്ളപ്പോള്‍ കീര്‍ത്തനയുടെ കാതു കുത്തിയിരുന്നു. കാതു കുത്തിയ ദിവസം മുതലാണ് കീര്‍ത്തനയ്ക്കു രോഗം തുടങ്ങിയത്.
നിര്‍ത്താതെയുള്ള കരച്ചിലായിരുന്നു ആദ്യം. പിന്നീടാണ് വയറു വേദനയാണെന്നു മനസിലായത്. തലശേരിയിലും തുടര്‍ന്ന് മംഗലാപുരം ഹെഗ്ഡെ ആശുപത്രിയിലും ചികിത്സിച്ചു. ഒടുവില്‍ മരിക്കുകയായിരുന്നു. സൗമ്യ പലരുമായും നടത്തിയിരുന്ന നിരന്തരമായ ഫോണ്‍വിളിയാണ് തമ്മില്‍ അകലാന്‍ കാരണമായത്. സൗമ്യയെ താന്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സൗമ്യ സ്വന്തമായി എലി വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് അന്നു ചികിത്സ തേടിയതെന്നും കിഷോര്‍ പോലീസിനോടു പറഞ്ഞു.
തന്റെ കൂടെ ജീവിക്കുമ്പോള്‍തന്നെ മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയിരുന്നു. കുട്ടികളെ ഓര്‍ത്തു കൂട്ടിക്കൊണ്ടു വരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പു തന്നോടൊപ്പം താമസിച്ചു വരവെ കൂടെ ജീവിക്കാന്‍ താത്പര്യമില്ലെന്നും തിരിച്ചു പോകുകയാണെന്നും കത്തെഴുതി വച്ചാണ് സൗമ്യ പിണറായിയിലേക്കു പോന്നത്. പിന്നീടു ബന്ധമുണ്ടായിരുന്നില്ല. സൗമ്യയുടെ ദുര്‍നടപ്പ് കാരണം രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ സംശയം തോന്നിയിരുന്നുവെന്നു കിഷോര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. സൗമ്യയുടെ സാന്നിധ്യത്തില്‍ പല തവണ കിഷോറിനെ പോലീസ് ചോദ്യം ചെയ്തു. രണ്ടു പേരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. കിഷോറിന്റെ മൊഴികള്‍ പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇയാളുടെ ഫോണ്‍കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കുഞ്ഞിക്കണ്ണന്, കമല, ഐശ്വര്യ എന്നിവര്‍ മരിക്കുമ്പോള്‍ കിഷോറിന്റെ സാന്നിധ്യം പിണറായി പ്രദേശത്ത് ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെ തലശേരി പോലീസ് സ്റ്റേഷനിലെത്തിച്ച കിഷോറിനെ ജില്ലാ പോലീസ് ചീഫ് ശിവ വിക്രം, എഎസ്പി ചൈത്ര തെരേസ ജോണ്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്, സിഐ കെ.ഇ പ്രേമചന്ദ്രന് എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘം രാത്രി വരെ ചോദ്യംചെയ്തു. എന്നാല്‍, കീര്‍ത്തനയുടെ മരണത്തില്‍ കിഷോറിനു പങ്കുണ്ടെന്നു വ്യക്തമാകുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സൗമ്യയെ ഇന്നു വൈകുന്നേരം തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
