News @ India
National news portal

സിലിയുടെ മരണം ഉറപ്പാക്കാൻ ജോളി പരമാവധി ശ്രമിച്ചു.‘സിലിയോട് അടങ്ങാത്ത വിരോധം; ഒരുമിച്ച് അന്ത്യചുംബനം നൽകാനുള്ള തീരുമാനം തന്റേത്’.

5

കോഴിക്കോട്∙ സിലിയുടെ മരണം ഉറപ്പാക്കാൻ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബന്ധുക്കളുടെ കൺമുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴി. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചെന്നാണ് ആരോപണം.

അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടും കൂട്ടാക്കിയില്ല.

സംസ്ഥാന പാതയിലൂടെ പോയാൽ 7 കിലോമീറ്റർ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്റർ കൊണ്ടാണ് എത്തിച്ചത്. ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കിയതും ജോളിയുടെ നിർബന്ധത്താലാണ് എന്നാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിലെത്തും മുൻപ് സിലി മരിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തളർന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു കൊടുക്കാൻ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു.

സിലിയുടെ സ്വർണം ഏറ്റുവാങ്ങണമെന്നും നിർദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാൽ ഷാജുവാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു നൽകിയത്. സ്വർണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. അതിനിടെ, സിലിയുടെ സ്വർണം ഏറ്റുവാങ്ങിയത് താനാണെങ്കിലും ഷാജുവിനെത്തന്നെ ഏൽപിച്ചിരുന്നെന്ന് ജോളി ഇന്നലെ അന്വേഷണ സംഘത്തിനു മൊഴിനൽകി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി അശോക് യാദവ് ഇന്നു താമരശ്ശേരിയിൽ എത്തും.

Leave A Reply

Your email address will not be published.