News @ India
National news portal

നിയമസഭാ സമ്മേളനം 28 ന് ആരംഭിക്കും: സ്പീക്കർ

5

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബര്‍ 28ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂര്‍ണമായും നിയമനിര്‍മാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ 28ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടര്‍ന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.

2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങള്‍ സര്‍വകലാശാല ബിൽ, 2019ലെ കേരള അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും ക്ഷേമനിധി ബിൽ, 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കല്‍ സയന്‍സസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബില്‍, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നിവ 29ന് പരിഗണിക്കും. 2019-20ലെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ സമര്‍പ്പണം 29നും അതിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നവംബര്‍ അഞ്ചിനും നടക്കും.

മഹാത്മാഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ ഒരു പ്രത്യേക അനുസ്മരണ സമ്മേളനം നവംബര്‍ ഒന്നിന് നടത്തും. കാര്യോപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഇത് നടത്തുക. ബഹുമുഖമായ മാധ്യമ ഇടപെടലുകള്‍ നടത്തുന്നതിന് കേരള നിയമസഭയെ സജ്ജമാക്കുന്നതിനും നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടേയും വിദ്യാര്‍ഥികളുടേയും ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികള്‍ നിര്‍മിച്ച് അവ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നതിനും ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് നടത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ലോകകേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ നിയമസഭാ സമുച്ചയത്തില്‍ നടക്കും. പതിനാറാം സമ്മേളനം നവംബര്‍ 21ന് അവസാനിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.