News @ India
National news portal

മരടിലെ ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; നഷ്ടപരിഹാര നിര്‍ണയ സമിതിയുടെ ചെലവ് നിര്‍മ്മാതാക്കള്‍ തന്നെ വഹിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

6

കൊച്ചി: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് വീണ്ടും തിരിച്ചടി. നഷ്ടപരിഹാര നിര്‍ണയ സമിതിയുടെ ചെലവ് നിര്‍മ്മാതാക്കള്‍ തന്നെ വഹിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അതിനിടെ 2006ല്‍ ഫ്ലാറ്റ് നിര്‍മിക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങള്‍ ഐക്യകണ്‌ഠേന എടുത്ത തീരുമാനത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തീരുമാനത്തില്‍ ഒപ്പുവച്ചത്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ 2006 ഫ്ലാറ്റ് നിര്‍മ്മിക്കുന്ന സമയത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തി സെക്രട്ടറി നല്‍കിയ എതിര്‍പ്പിനെ മറികടന്ന് പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി തീരുമാനം എടുത്ത മിനിറ്റ്‌സ് പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. കെ എസ് ദേവസി പ്രസിഡന്റായ പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും ഈ മിനിറ്റ്‌സില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അതേസമയം ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കൊച്ചിയില്‍ യോഗം ചേർന്നു. അതിനിടെ കമ്മറ്റിയുടെ ചിലവുകള്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണമെന്ന് സര്‍ക്കാരും വ്യക്തമാക്കി. കമ്മിറ്റിക്ക് അനുബന്ധ സ്റ്റാഫുകളെ അനുവദിച്ചുള്ള ഉത്തരവില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് 14 സ്റ്റാഫുകളെയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാനുള്ള അവസാന അവസരമാണിന്ന്. കഴിഞ്ഞ തവണ അപേക്ഷിച്ച 25 പേരില്‍ നിന്ന് 14 പേരെ മാത്രമാണ് സമിതി തെരഞ്ഞെടുത്തത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉടലെടുക്കുകയാണ്. ഫ്ലാറ്റ് പൊളിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴും മരട് നഗരസഭയുടെ അടിയന്തിര യോഗം പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.