News @ India
National news portal

ട്രംപിന്‌ 20 ലക്ഷം ഡോളർ പിഴ: ജീവകാരുണ്യ ഫൗണ്ടേഷനെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക്‌ ദുരുപയോഗിച്ചു.

8

ന്യൂയോർക്ക്‌  >  സ്വന്തം പേരിലുള്ള ജീവകാരുണ്യ ഫൗണ്ടേഷനെ രാഷ്‌ട്രീയ, ബിസിനസ്‌ താൽപ്പര്യങ്ങൾക്ക്‌ ദുരുപയോഗിച്ച അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ കോടതി 20 ലക്ഷം ഡോളർ പിഴയിട്ടു.  തുക എട്ട്‌ ജീവകാരുണ്യ സംഘടനകൾക്ക്‌ വീതിച്ചുനൽകണം. ട്രംപ്‌ ഫൗണ്ടേഷന്റെ ആസ്‌തിക കൈകാര്യംചെയ്യുന്നത്‌ സംബന്ധിച്ച്‌ ന്യൂയോർക്ക്‌ അറ്റോർണി ജനറലിന്റെ ഓഫീസ്‌ നൽകിയ കേസിൽ ന്യൂയോർക്ക്‌ സംസ്ഥാന ജഡ്‌ജി സാലിയാൻ സ്‌കാർപല്ലയാണ്‌ വിധി പ്രസ്‌താവിച്ചത്‌.

ഫൗണ്ടേഷനിൽ അവശേഷിക്കുന്ന 17 ലക്ഷം ഡോളർ ജീവകാരുണ്യ സംഘടനകൾക്ക്‌ നൽകാമെന്ന്‌ കഴിഞ്ഞമാസം ട്രംപിന്റെ അഭിഭാഷകരും എജിയുടെ ഓഫീസുംതമ്മിൽ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ വിധി. ധാരണപ്രകാരം ഇത്തരം ഫൗണ്ടേഷനുകൾ നടത്തേണ്ടത്‌ എങ്ങനെ എന്ന്‌ പഠിക്കാൻ ട്രംപിന്റെ മക്കളിൽ മൂത്ത മൂന്നുപേർ നിർബന്ധിത പരിശീലനത്തിന്‌ വിധേയരാകും. കഴിഞ്ഞവർഷം കേസ്‌ ആരംഭിച്ചപ്പോൾ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ ശഠിച്ച ട്രംപിന്‌ ഇപ്പോൾ മറ്റ്‌ പല കാര്യങ്ങളിലും വിട്ടുവീഴ്‌ചയ്‌ക്ക്‌ വഴങ്ങേണ്ടിവന്നു.

2016ൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത്‌ അയോവ കോക്കസിൽ തന്റെ പ്രചാരണസംഘത്തിലെ ജീവനക്കാരെ വിമുക്തഭടന്മാരുടെ ക്ഷേമത്തിനുള്ള സംഘടനയുടെ ധനശേഖരണത്തിന്‌ ട്രംപ്‌ നിയോഗിച്ചതാണ്‌ കേസിന്‌ ആധാരമായത്‌. ഫൗണ്ടഷനിൽ അവശേഷിക്കുന്ന പണവും പിഴത്തുകയും എട്ട്‌ സംഘടനകൾക്ക്‌ തുല്യമായി വീതിച്ചുനൽകും. പരാതിയിൽ ഉന്നയിച്ച പല ക്രമക്കേടുകളും ട്രംപ്‌ സമ്മതിച്ചു.

Leave A Reply

Your email address will not be published.