News @ India
National news portal

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗിംഗ് ക്രൂരതയുമായി എറണാകുളം മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരും സീനിയര്‍വിദ്യാര്‍ഥികളും.

5

എറണാകുളം മെഡിക്കല്‍ കോളെജിലെ ഏതാനും ഹൗസ് സര്‍ജ്ജന്മാര്‍ക്കും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍ പണിയുടെ പുറമെ ഗൂണ്ടാപ്പണിയും. റാഗിംഗ് എന്ന പേരില്‍ ഇവരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ തോളെല്ല് തകര്‍ന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അനെക്‌സ് റോണ്‍ ഫിലിപ്പിനാണ് ക്രൂരമര്‍ദ്ദനമേറ്റത്.

ആര്‍ട്‌സ് ഡേ ആയതിനാല്‍ ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അനക്‌സ് വൈകിയിരുന്നു. ഈ സമയത്ത് അനക്‌സിനെ ഒറ്റയ്ക്ക് കിട്ടിയപ്പോഴാണ് 12 അംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഹൗസ് സര്‍ജ്ജന്മാരും സീനിയര്‍ വിദ്യാര്‍ഥികളും അടങ്ങിയതായിരുന്നു സംഘം. ചെറുക്കാന്‍ നോക്കിയെങ്കിലും കൂട്ടമായി എത്തി ആക്രമിച്ചതിനാല്‍ സാധിച്ചില്ല.

ദേശീയ പവര്‍ലിഫിറ്റിംഗ് ചാമ്പ്യനാണ് അനക്‌സ് റോണ്‍. അതുകൊണ്ടുതന്നെ മെഡിക്കല്‍ കോളെജ് പ്രവേശനത്തിന് കായിക രംഗത്തുള്ള മികവും അനക്‌സിനെ സഹായിച്ചു. സ്‌പോട്‌സ് സംവരണത്തോടുള്ള പുച്ഛവും ഡോക്ടര്‍മാരെയും വിദ്യാര്‍ഥികളെയും ജൂനിയര്‍ വിദ്യാര്‍ഥിയോട് ഇത്രയും ക്രൂരത കാണിക്കാന്‍ പ്രേരിപ്പിച്ചു. ഇതോടെ ജനുവരിയില്‍ മുംബൈയില്‍ നടക്കുന്ന ദേശീയ പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ അനക്‌സിന് പങ്കെടുക്കാന്‍ സാധിക്കില്ല.

105 കിലോഗ്രാം വിഭാഗത്തില്‍ 610 കിലോ ഉയര്‍ത്തി കണ്ണൂര്‍ മടമ്പം സ്വദേശി അനക്‌സ് ദേശീയ തലത്തില്‍ സ്വര്‍ണം നേടിയത് വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. കണ്ണൂരില്‍ നടന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പിലും ആലപ്പുഴയില്‍ നടന്ന സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും ഒന്നാം സ്ഥാനം നേടിയാണ് അനക്‌സ് ദേശീയ തലത്തില്‍ മത്സരിക്കാനത്തിയത്. ദേശീയ തലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഈ മിടുക്കനാണ് ഇപ്പോള്‍ ഡോക്ടര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിന് വിധേയനായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

അതിക്രൂരമാണ് എറണാകുളം മെഡിക്കല്‍ കോളെജിലെ റാഗിംഗ് നിയമങ്ങള്‍. ജീന്‍സ് ഇടാന്‍ പാടില്ല എന്നത് നിയമങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ജീന്‍സ് ധരിച്ചെത്തിയതിന് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. സീനിയറിനെ നോക്കി ചിരിക്കരുത് എന്നുംമറ്റുമുള്ള നിയമങ്ങള്‍ സ്വയം പ്രഖ്യാപിച്ച മാനസിക വൈകൃതമുള്ളവരും ക്യാമ്പസിലുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥികളെ അസഭ്യം പറയുന്നതും കുറവല്ല. സീനിയേഴ്‌സ് ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ പന്ത് പെറുക്കുന്ന ജോലി ജൂനിയേഴ്‌സിന്റെയാണ്. പ്രകോപനമുണ്ടാക്കി ജൂനിയര്‍ വിദ്യാര്‍ഥികളെ രാത്രി വൈകുവോളം ഗ്രൗണ്ടില്‍ നിര്‍ത്തുന്നതും പതിവാണ്.

ചില സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് അടിവസ്ത്രവും അലര്‍ജ്ജിയാണ്. സ്വയം ഇടുന്നതല്ല പ്രശ്‌നം, ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഇടുന്നതാണ് പ്രശ്‌നം. മെസ്സില്‍ പോയാല്‍ കൈലി ഉടുക്കണം, ബനിയന്‍ ഇടരുത് എന്നിങ്ങനെ ഡ്രസ് കോഡുകളുമുണ്ട്. അടിവസ്ത്രമുണ്ടോ എന്ന പരിശോധനയുമുണ്ട്. മറ്റുള്ളവര്‍ ഷഡ്ഡി ഇട്ടോ എന്നുപോലും ഉറപ്പുവരുത്തുന്ന എറണാകുളം മെഡിക്കല്‍ കോളെജിന്റെ ചില സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വരുത്തിവെച്ച പ്രശ്‌നവും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ പരാതി ഒന്നുകൊണ്ടുമാത്രമാണ് ഉയര്‍ന്നുവന്നത്. വിദ്യാര്‍ഥിയുടെ പരാതി കോളെജ് അധികൃതര്‍ പൊലീസിന് കൈമാറും.

Leave A Reply

Your email address will not be published.