Home Blog പ്രിയങ്കാ വധേര ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം, സത്യവും മിഥ്യയും

പ്രിയങ്കാ വധേര ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം, സത്യവും മിഥ്യയും

1 min read
0
1

ന്യൂഡൽഹി: ബോഡി ബിൽഡറായ ഭർത്താവ് റോബർട്ട് വധേരയും over protective അമ്മയായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രിയങ്കയെ വിട്ടുകൊടുത്തു-ഇന്നലെ ഒരു ദേശീയ ഇംഗ്ലീഷ് മാധ്യമത്തിന്റെ തലക്കെട്ടായിരുന്നു ഇത്.

നെഹ്‌റു കുടുംബത്തിലെ പതിനൊന്നാം അംഗമാണ്,അല്ലെങ്കിൽ അഞ്ചാം തലമുറക്കാരിയാണ് 1972  ജനുവരി 12 നു ജനിച്ച 47 കാരിയായ പ്രിയങ്ക വധേരയെന്ന പ്രിയങ്ക ഗാന്ധി.നെഹ്‌റു കുടുംബത്തിന്റെ ബ്രാൻഡിങ്ങിന്റെ ഭാഗമായി വധേര  ഇനി മറക്കപ്പെടുമെന്നതിനാൽ ഇനി നമുക്കവരെ പ്രിയങ്ക ഗാന്ധി എന്ന് അഭിസംബോധന ചെയ്താൽ മതിയാകും.

എഐസിസി  പ്രസിഡന്റ്  രാഹുൽ ഗാന്ധിക്ക് 48 വയസുണ്ട്.അനിയത്തി പ്രിയങ്കയാകട്ടെ രാഹുലിനേക്കാൾ  കൃത്യം ഒന്നര വയസിന്റെ ഇളയതാണ് .16 വയസുള്ള മിരായ എന്ന മകളുടെയും 15 വയസുള്ള റൈഹാൻ എന്ന മകന്റെയും അമ്മ.അതേ രണ്ടു കൗമാരക്കാരുടെ അമ്മയാണ് പ്രിയങ്ക ഗാന്ധി.

ഇന്നലെ നട്ടുച്ചക്ക് സഹോദരൻ രാഹുൽ ഗാന്ധി അമേത്തിയിലെത്തിയ ശേഷമായിരുന്നു കോൺഗ്രസ് ആസ്ഥാനത്തുനിന്നും പ്രിയങ്ക ഗാന്ധിയെന്ന  അവരുടെ ബ്രഹ്മാസ്ത്രത്തെ തൊടുത്തുവിട്ടത്.തുടർന്ന് എഐസിസി അസ്ഥാനത്തും  അമേത്തിയിലും റായ്ബറേലിയിലും രാജ്യത്തെ പിസിസി ആസ്ഥാനങ്ങളിലും പടക്കം പൊട്ടിക്കലും ലഡ്ഡു വിതരണവും നടന്നു.എ കെ ആന്റണി മുതൽ മോത്തിലാൽ വോറ വരെയുള്ള കടൽക്കിഴവന്മാർ ആനന്ദാശ്രുക്കൾ പൊഴിച്ചു.

Miraya and Raihan

പിന്നീടങ്ങോട്ട്  കോൺഗ്രസിലെ  തള്ളുവീരന്മാരുടെ തള്ളൽ ആയിരുന്നു.ഏറ്റവും വലിയ തള്ളുമായെത്തിയത് മുൻ കേരളാ മുഖ്യമന്ത്രിയും ഇപ്പോൾ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ സാക്ഷാൽ പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞു തന്നെയായിരുന്നു.

കോൺഗ്രസിന്റെ കൂടെയെത്തിയ ചന്ദ്രബാബു നായിഡുവിനെ ഉമ്മച്ചൻ രായ്ക്കുരാമാനം മറന്നുകളഞ്ഞു.പ്രിയങ്കമോൾ വന്നയുടൻ രാജ്യമാസകലമുള്ള വോട്ടർമാർ പ്രിയങ്കയുടെ പടവും പിടിച്ചു അടുത്ത  ലോക്‌സഭാ ഇലക്ഷനിൽ ക്യു നിന്ന് കോൺഗ്രസിനെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ ജയിപ്പിക്കുന്നതും താൻ രക്ഷാമന്ത്രി ആകുന്നതും അന്തോണിച്ചൻ അടുത്ത രാഷ്ട്രപതിയാകുന്നതുമെല്ലാം കഴിഞ്ഞ രാത്രിയിൽ കുഞ്ഞൂഞ്ഞു സ്വപ്‌നം കണ്ടിരിക്കാം.സ്വപ്‌നം കാണാനുള്ള അവകാശത്തിന് ഏതായാലും മോദി GST  ഏർപ്പെടുത്താത്തത് ഭാഗ്യം .

പ്രിയങ്കയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാ ധാരണകൾ

ഇന്ദിരാ ഗാന്ധിയുടെ തനിപ്പകർപ്പാണ്  പ്രിയങ്ക എന്നതുതന്നെയാണ് ഏറ്റവും വലിയ മിഥ്യാധാരണ .ശരിയാണ്,രാജ്യത്തിൻറെ ഉരുക്കുവനിതയായിരുന്നു ഇന്ദിര .തന്റെ 49 ആം വയസിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഇന്ദിരയെ അന്നത്തെ കോൺഗ്രസിലെ നേതൃത്വം തങ്ങളുടെ പാവയാക്കാം എന്ന ധാരണയിൽ തന്നെയാണ് പ്രധാനമന്ത്രിക്കസേരയിൽ അവരോധിച്ചതും.പക്ഷേ തന്റെ രാഷ്ട്രീയ ഗുരുക്കന്മാരുടെ കണക്കുകൂട്ടലിനും അപ്പുറത്തേക്ക് ഇന്ദിര വളർന്ന കാഴ്ചയാണ് പിന്നീട് ഇന്ത്യയും ലോകവും കണ്ടത് .

ഇന്ദിരാഗാന്ധിയുടെ മുഖസാദൃശ്യവും നടപ്പിലും എടുപ്പിലും സംസാരത്തിലും ഇന്ദിരയെ തോന്നിപ്പിക്കുന്ന രീതിയും കൊച്ചുമകളായ പ്രിയങ്കയുടെ പ്രത്യേകതകളുമാണ്.പക്ഷേ ഇന്ദിരയെയും പ്രിയങ്കയെയും ഇപ്പോൾ തുലനം ചെയ്യുന്നതുതന്നെ  ബാലിശമായിരിക്കും.കാരണം ലോകം കണ്ട ഏറ്റവും നല്ല ജ്ഞാനിയായ അച്ഛന്റെ സംരക്ഷണയിലാണ് ഇന്ദിര വളർന്നത്.നെഹ്രുവിന്റെ അദൃശ്യസാന്നിധ്യം ഇന്ദിരക്ക് സ്വതന്ത്ര ഇന്ത്യയിൽ നല്ലൊരു രാഷ്ട്രീയനേതാവായി വളർന്നുവരുവാനുള്ള അവസരമൊരുക്കി.

ആ  രാഷ്ട്രീയ സാഹചര്യത്തിലല്ല രാഹുലിന്റെയും പ്രിയങ്കയുടെയും രാഷ്ട്രീയ ഉപനയനം നടന്നത്.ചെറുപ്രായത്തിൽ തന്നെ ഇളയച്ഛനായ സഞ്ജയ് ഗാന്ധിയുടെ അകാല മരണം, തുടർന്ന് മനേകയും ഇന്ദിരയും തമ്മിലുള്ള  അസ്വാരസ്യങ്ങൾ, ഇന്ദിരയുടെ വധം, അകാലത്തിലുള്ള രാജീവ് ഗാന്ധിയുടെ മരണം ഇതെല്ലാം  ഒരു പരിധിവരെ രാഹുലിനെയും പ്രിയങ്കയെയും ജനസാമാന്യത്തിൽ നിന്നും അകറ്റി സുരക്ഷാവലയത്തിനുള്ളിലാക്കി.ആരോടും സംവദിക്കാനുള്ള അവകാശം ചെറുപ്പത്തിൽ ഇന്ദിരക്കുണ്ടായിരുന്നു.പക്ഷേ ആ സാഹചര്യം പ്രിയങ്കക്ക് ഉണ്ടായിരുന്നില്ല.

പ്രിയങ്ക വന്നയുടൻ വോട്ടുകൾ  കോൺഗ്രസിലേക്ക് മറിയും എന്നതാണ് അടുത്ത മിഥ്യാധാരണ .പ്രിയങ്കയുടെ വരവ്  കോൺഗ്രസ് അണികളെ കൂടുതൽ ഉത്സാഹഭരിതരാക്കും എന്നത് വസ്തുതയാണ്.യുവാക്കളിലും ഇന്ത്യൻ ബ്രാഹ്മണ വോട്ടർമാരിലും പ്രിയങ്ക സ്വാധീനശക്തിയുമാകും.പക്ഷേ വോട്ടുമറിക്കുന്ന ബുൾഡോസറായി പ്രിയങ്കയെക്കാണുന്ന കോൺഗ്രസ്  നേതാക്കൾ ഇരുട്ടുകൊണ്ട് ഒറ്റയടക്കുകയാണ്.

2019 തെരഞ്ഞെടുപ്പിന്റെ യാഥാർഥ്യം

രാഹുൽ ഗാന്ധി ഏതാനും മാസങ്ങളായി കെട്ടിപ്പടുത്ത പ്രതിപക്ഷ ഐക്യമെന്ന സങ്കൽപ്പത്തിന് തന്നെ തുരങ്കം വയ്ക്കുന്ന അത്യാഗ്രഹികളായ  നേതാക്കളുടെ കൈയിലേക്ക് കാര്യങ്ങൾ മറിയാതിരുന്നാൽ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  പ്രതിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായാൽ ബിജെപിക്ക് തൊട്ടടുത്തായി ഇന്ത്യൻ പാർലമെന്റിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി കോൺഗ്രസിന് മാറാം .ചിലപ്പോൾ ഇരുനൂറിൽ പരം സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയുമാകാം .ഇതിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്ന പ്രവർത്തനമാകും വെറും പ്രിയങ്കക്ക് ഓശാനപാടുന്ന നേതാക്കൾ കോൺഗ്രസിന് ചെയ്യുന്നത്.

(തുടരും)

By :Cyriac Sebastian

 

 

Load More Related Articles
Load More By News Desk
Load More In Blog

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…