
SCG സിഡ്നി: ടെസ്റ്റ് പരമ്പരയിലെ 2-1 വിജയത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട്ട് കോഹ്ലിയുടെ കണ്ണുകൾ ആർദ്രമായി. ആദ്യമായാകണം വിരാട്ട് കോഹ്ലി ഇത്ര വികാരാധീനനായി മാദ്ധ്യമങ്ങളുടെ മുമ്പിൽ വരുന്നത്.
എന്റെ വ്യക്തിജീവിതത്തിലെ സുവർണ്ണ ദിനമാണിന്ന്. ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് ജയിക്കുക എന്നത് എത്ര കഠിനമാണെന്ന് ഞങ്ങൾ ടീമിലെ ഓരോ കളിക്കാരനുമറിയാം. പെർത്തിലെ പരാജയം പോലും ചില കണക്കുകൂട്ടലുകളുടെ പിഴവായിരുന്നു. ഇവിടെ SCG യിൽ സമനിലയിൽ പോലും യഥാർത്ഥ വിജയം ഇന്ത്യക്കാണ്.
ക്രിക്കറ്റിന്റെ സൗന്ദര്യം മുഴുവൻ ടെസ്റ്റ് ക്രിക്കറ്റിലാണ്. ഒരിക്കലും ഏകദിനമോ ,ടി -20 യോ ടെസ്റ്റിന് പകരമാകില്ല. ആ സൗന്ദര്യം നിലനിർത്തേണ്ടത് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ വ്യക്തിയുടെയും രാജ്യത്തിന്റെയും ആവശ്യമാണ്.ഞങ്ങളുടെ മഹാരാജ്യത്ത്, അങ്ങ് ഇന്ത്യയിൽ ഈ പരമ്പരവിജയം ടെസ്റ്റ് ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാട് മാറ്റും. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ ടെസ്റ്റ് ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങും.
ഇത്തവണ ഓസ്ട്രേലിയൻ മണ്ണിലെ ഞങ്ങളുടെ പരമ്പര വിജയം ടീമിന്റെ കൂട്ടായ പ്രവർത്തനമാണ്. പൂജാരയും ഋഷഭ് പന്തും,മായങ്ക് അഗർവാളും,രഹാനെയും, ഹനുമാ വിഹാരിയുമൊക്കെ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ഞങ്ങളുടെ പേസർമാർ അസാമാന്യ പ്രകടനം കാഴ്ചവച്ചു. സ്പിന്നേഴ്സ് അതിന് പിന്തുണയേകിയത് സിഡ്നിയിൽ നാം കണ്ടു.
ഞങ്ങൾ ടീമിലെ ഓരോ അംഗവും പിഴവുകളെ തിരുത്തുവാനും കുറവുകൾ ഇല്ലാതാക്കുവാനും ശ്രമിച്ചു. കോഹ്ലി ഗദ്ഗദകണ്ഠനായാണ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
1983 ലെ കപിലിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് വിജയത്തിലും 1985 ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ജയിച്ച ടീമിലും ഞാൻ അംഗമായിരുന്നു. പക്ഷേ ഈ ടെസ്റ്റ് സീരീസ് വിജയമാണ് അതിലും വലിയ വിജയം -കോച്ച് രവിശാസ്ത്രിയും വികാരാവേശത്തോടെയാണ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്.